Blog Archives

കന്നിമാസ blues!

മനോരമ കലണ്ടര്‍ വര്‍ഷം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ്…

ക്ലാസ്സിലെ ഒരു കേഡി കഴിഞ്ഞ ആഴ്ച വന്നു വീമ്പടിച്ചതില്‍ പിന്നെയാണ്  ഇത് എന്താണെന്ന് അറിയാന്‍ കലശലായ ആഗ്രഹം എന്റെ മനസ്സിലും തുടങ്ങിയത്.

വാസു ചേട്ടനോട് ചോദിച്ചു നോക്കാം. ജങ്ഷന്‍ കഴിഞ്ഞുള്ള വളവിലെ പലചരക്ക് കടയില്‍  ശിങ്കിടി ആണ്  വാസു ചേട്ടന്‍… പ്രായത്തില്‍ രണ്ടൂനു വയസ്സിന്റെ മൂപ്പേ ഉള്ളെങ്കിലും, ആരെയും ത്രസിപികുന്ന കട്ട മീശയുടെയും, ഒത്ത ശരീരത്തിന്റെയും ഉടമസ്ഥനായിരുന്നു വാസ്വേട്ടന്‍.. . നാലഞ്ചു മാസം മുമ്പ്  പട്ടാപകല്‍  ദുബായിക്കാരന്‍ പൌലോസിന്റെ വീട്ടില്‍ അടിച്ചുതളിക്കാന്‍ നിക്കുന്ന തമിഴത്തി പെണ്ണിനെ  തമ്പാനൂര്‍ ശ്രികുമാര്‍ റ്റിയറ്റരില്‍ വര്‍ണപകിട്ടു സിനിമ കാണാന്‍ വാസ്വേട്ടന്‍ കൊണ്ട് പോയെന്നാ ചെക്കന്മാര്‍ പറയുന്നേ….. അസ്സലായി സിഗരെട്ടും വലിക്കുമത്രേ.. എല്ലാം കൊണ്ടും എനിക്ക് ജനിക്കാതെ പോയ ചേട്ടന്‍….. മൈ റോള്‍ മോഡല്‍….
“വാസ്വേട്ടാ”
“എന്താടാ”
“ചേട്ടന്‍ വര്‍ണപകിട്ടു കാണാന്‍ പോയോ?”
“പോയി.. എന്താടാ..”
“അല്ല, അപ്പോള്‍ ചേട്ടന്‍ പരിമളത്തെ സിലമക്ക്  കൊണ്ട് പോയെന്നു പറയുന്നത് നേരാ  അല്ലെ..”
“ശോ. അവന്മാര് നിന്നോടും അത് പറഞ്ഞോ.. .. ഒരുത്തനോടും പറയല്ലെന്നു ഞാന്‍ അവറ്റകളോട് പ്രതേകം പറഞ്ഞതാ..  ഇവന്മാരെ കൊണ്ട് തോറ്റല്ലോ…”  പോക്കറ്റില്‍ നിന്ന് ഒരു സിസ്സര്‍ എടുത്തു വാസ്വേട്ടന്‍ കത്തിച്ചു… ആകാശത്തേക്ക് നോക്കി കുമിളകളായി പുക പുറത്തോട്ടു വിട്ടു…

“വാസു ചേട്ടാ..ഒരു ചെറിയ സഹായം വേണം”..
“നീ ചോദിക്കട.. നിനക്ക് എന്ത് വേണം. എന്തായാലും ഈ വാസു ചേട്ടന്‍ ശേരിപെടുത്തി തരും .”
“മറ്റവന്‍ ഉണ്ടോ… ?”
“ഏത്, സിഗരെട്ടോ? ” വാസ്വേട്ടന്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിട്ടു  തപ്പി തുടങ്ങി.
“അതല്ല വാസ്വേട്ട.. മറ്റവന്‍ എന്ന്‌ പറഞ്ഞാല്‍…..” ഞാന്‍ ചുറ്റും നോക്കി.. റോഡില്‍ അങ്ങിങ്ങ് ആളുകള്‍ ഉണ്ട്…..  “ബ്ലൂ….. ബ്ലൂ ഫിലിം.. ” സ്വരം താഴ്ത്തി ഞാന്‍ പറഞ്ഞു.

“ബ്ലൂ ഫിലമോ??”..  രണ്ടടി പിന്നോട് വെച്ച് വാസ്വേട്ടന്‍ എന്നെ അടിമുടി നോക്കി…. രതീഷിന്റെ ഗസ്റ്റ് ഹൗസില്‍ നിന്ന് അപമാനിതയായി പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കാന്‍ ചെല്ലുന്ന നായകന്റെ  പെങ്ങളെ, സര്‍ക്കിള്‍ എമാനായ അസിസ് , ഞാനും കൂടെ പീടിപ്പിച്ചാലോ എന്ന് അടിമുടി നോക്കുന്ന മാതിരി ഒരു നോട്ടം.. 

“നിനക്ക് എന്തിനാടാ ബ്ലൂ ഫിലിം?.. നിനക്ക് മീശ പോലും മുളച്ചു തുടങ്ങിയില്ലല്ലോ.”
“വാസ്വേട്ടന്‍ അങ്ങനെ പറയല്ല്. എന്റെ ഇമേജ് ഇന്റെ പ്രശ്നം ആണ്. വാസ്വേട്ടന്‍ എന്നെ ഹെല്പ് ചെയ്യണം. പ്ലീസ്.. ഞാന്‍ കാലു പിടിക്കാം.”
“ആ ശെരി ശെരി, .. നീ ഒരു കാര്യം ചെയ്. . ആ വീഡിയോ ഗാലക്സിയില്‍ പോയി ചോദിക്ക്….വാസ്വേട്ടന്‍ റെക്കമെന്റ്  ചെയ്തെന്നു പറഞ്ഞാല്‍ മതി.”

*******************
അങ്ങനെ ഒരു ശനിയാഴ്ച, വീടുകാരെല്ലാം ഒരു വിവാഹ സദ്യ ഉണ്ണാന്‍ പോയ, വയറ്റുവേദന അഭിനയിച്ചു ഞാന്‍ സ്കുട്ടായ ഒരു കന്നി മാസ കാലത്തെ ആ ശനിയാഴ്ച, വീഡിയോ ഗാലക്സി ലക്ഷ്യമാക്കി ഞാന്‍ ഓടി.…. കൂതറ ഗപ്പിനു പകരം സമ്മാനമായി ബ്ലൂ ഫിലിം തരുമായിരിന്നെകില്‍ ഇമ്മാതിരി ഓട്ടം സ്കൂളിലെ സ്പോര്‍ട്സിനു ഓടാമായിരുന്നു…ഞാന്‍ ഓര്‍ത്തു..

സിനിമ പോസ്റ്ററുകള്‍ കൊണ്ട് അലങ്കരിച്ച വര്‍ണ്ണശബളമായ ചുവരുകള്‍.  മീന്‍ ലോറിയില്‍ മത്തി, ചാള, അയല കുട്ടകള്‍ തരം തിരിച്ചു വച്ചിരിക്കുന്ന പോലെ രണ്ടാള്‍ പൊക്കത്തില്‍ മലയാളവും,ഹിന്ദിയും പിന്നെ ഇംഗ്ലീഷ് കാസറ്റുകളും ചുവരുകളില്‍ തരം തിരിച്ചിരിക്കുന്നു.. കടയുടെ പ്രൊപ്ര്യ്ട്ടര്‍ സുമേഷ്അണ്ണന്‍….ജനിക്കാതെ പോയ മറ്റൊരു ചേട്ടന്‍.      

കടയില്‍ തിരക്കുണ്ട്.. തിരക്കൊഴിഞ്ഞിട്ട് ചോദിക്കാം….ആദ്യ രാത്രി  നിഡോ പാലുമായി വരുന്ന നവവധുവിനെ കാത്തിരിക്കുന്ന, ഒരാഴ്ച മാത്രം ലീവുള്ള  ഗെള്‍ഫുകാരന്‍ പുതുമാപ്ലയെ പോലെ ഞാന്‍ അക്ഷമാനായി കാത്തു നിന്നു.. ജീവിതത്തിലെ ഏറ്റവും ദൈരഖ്യമേറിയ എട്ടു മിനിറ്റ്..

രംഗം കാലിയായി.

“എന്താടാ നീ കിതക്കുന്നെ ..നിന്നെ വല്ല പെണ്‍പട്ടിയും ഓടിച്ചോ?”…..അവന്റെ ഒരു ഊച്ചാളി തമാശ..കാര്‍കിച്ചു ഞാന്‍ തുപ്പി… ആക്ച്വലി തുപ്പിയില്ല…..തുപ്പണമെന്ന് വിചാരിച്ചു..
“ലേലത്തിന്റെ ക്യാമറ പ്രിന്റ്‌. ഇറങ്ങിയിട്ടുണ്ട്… വേണോ?..”
“മ്മ്ച്. വേണ്ട..”

നിഡോ പാല്‍ കുടിച്ച ശേഷം,  സമയം കളയണ്ട,ലൈറ്റ് ഓഫ്‌ ചെയ്യട്ടെ എന്ന് എങ്ങനെ അവതരിപിക്കണം എന്ന ചിന്തിക്കുന്ന ഗള്‍ഫുകാരന്റെ ഡൈലെമ… എനിക്കും അതെ ഡൈലെമ…. എങ്ങനെ ചോദിക്കണം…
ഉദിഷ്ട്ടകാര്യം, കട്ടിലില്‍ വിതറികിടക്കുന്ന മുല്ലപൂക്കള്‍ കൈകളില്‍ എടുത്തു മെല്ലെ തലോടി പൊട്ടന്‍ കളിച്ചു  കാണിക്കാന്‍ ശ്രമിക്കുന്ന ടിയാനെ പോലെ, സുമേഷ്അണ്ണന്റെ  കയ്യില്‍ ഇരുന്ന ലേലത്തിന്റെ കാസ്സെറ്റ്‌ കവറില്‍ നായികയുടെ ക്ലോസപ്പ് ചിത്രത്തില്‍ എന്റെ നഖം കൊണ്ട് ഞാന്‍ ചിരണ്ടി കാണിച്ചു..

“വളച്ചുകെട്ടാതെ കാര്യം പറയട”..
“മറ്റവന്‍ വേണം. മറ്റവന്‍.. .. വാസ്വേട്ടന്റെ പേര് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു….പെട്ടനു വേണം..പോയിട്ട് ഒരുപാട് പണി ഉണ്ട്.”.. ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞു

ഈ ആക്രാന്തം പിടിച്ചവനു നാളത്തെ വിമാനത്തില്‍ തന്നെ ഗള്‍ഫില്‍ പൊയ്കൂടെ എന്ന് നവവധുവിന്റെ  ഗദ്ഗദം പോലെ എന്തോ സൗണ്ട് സുമെഷണ്ണന്‍ പാസാക്കി … ഹു കെയര്‍സ്..

“ഡബിള്‍ഓ ട്രീപിളോ”
“അയ്യോ. രണ്ടു മൂന്നെണ്ണം വേണ്ട… ഒരേ ഒരെണ്ണം മതി.”
“അതല്ലട മണ്ടാ.. ഡബിള്‍ വേണോ ട്രിപിള്  വേണോ എന്ന്. …..രാവിലെ നിക്കറും ഇട്ടു ഇങ്ങോട്ട് ഇറങ്ങികോളും”..

അവന്റെ മുഖത്തെ ആ ധാര്‍ഷ്ട്യം.. ഒരുതരം നോസിയെറ്റിംഗ് മെലാഗോ.. ചെയ് …മേളോഗ  ……ചെയ്…..ആ വാക്ക് എന്തായാലും അത്. .. അത് എനിക്ക് ഇഷ്ട്ടപെട്ടില്ലാ.. ബട്ട്‌ , ആവശ്യം എന്റെ, എന്തേത് മാത്രം ആയിപോയോണ്ട് ,  ആ ഇഷ്ട്ടകേട്‌ ഞാന്‍ അങ്ങ് വിഴുങ്ങി.

“എന്ന് വെച്ചാ?”…
“ഡബിള്‍ എന്ന് വെച്ചാ, നല്ല കഥ ഉള്ള സിനിമ… മറ്റേതു വെടിയും പുകയും നിലവിളിയും മാത്രേയുള്ളൂ.”
“എന്നാല്‍ എനിക്ക് ഡബിള്‍  മതി.. ” ആരെങ്കിലും പൈസ കൊടുത്തു വെടിയും നിലവിളിയും കാണുമോ? (ആത്മഗതം)… “ചേട്ടാ, കുളി സീന്‍ ഉള്ള ഒരു ഡബിള്‍ ..”
“ആ തരാം..”

ചായകടയില്‍ ബോണ്ട അടുക്കിവെച്ചതുപോലെ കാസ്സെറ്റ്‌ അടുക്കി വെച്ചിരിക്കുന്ന കൌണ്ടര്‍ ഇന്റെ താഴേക്കു സുമെഷണ്ണന്‍ അപ്രത്യക്ഷനായി.

“ചേട്ടാ.. സില്‍മനടി പ്രിയാ രാമന്റെ കുളി സീന്‍ ഉള്ള ഡബിള്‍ ഉണ്ടോ” ..
“ഇരുന്നിട്ട് കാല്‍ നീട്ടട ചെക്കാ…..”

നിമിഷനെരത്തില്‍ കയ്യില്‍ ഒരു കാസ്സറ്റുമായി അണ്ണന്‍ പൊങ്ങി വന്നു.    “നീ ചോദിച്ച കാസ്സെറ്റ്‌…. സ്വയമ്പന്‍ സാധനമ…. ഇഷ്ടപെട്ടാല്‍ ഇതിലും സ്വയമ്പന്‍ ഐറ്റംസ് ഇനിയും ഉണ്ട്..”

“സ്കൂക്ഷിച്ചു കാണണം. വല്ലതും കണ്ടു പേടിച്ചു പനി പിടികല്ല്…” വീണ്ടും അവന്റെ നോസിയെറ്റിംഗ് , പിന്നെ മറ്റേ വായികൊള്ളാത്ത വാക്കും.

കവര്‍ കൊള്ളാം.നീലയില്‍ ചുവപ്പ് നിറം ഇടകലര്‍ന്ന ഒരു ടവല്‍…. ടവലിനു വേണ്ടി കടിപിടി കൂടുന്ന മൂന്ന് വിദേശസുന്ദരികള്‍..  കവറില്‍ നിന്ന് കാസ്സെറ്റ്‌ ഊരി, ഞെട്ടിത്തരിച്ചു ഞാന്‍ തിരിച്ചും മറിച്ചും നോക്കി..

“എന്താടാ.. ഇഷ്ടപെട്ടില്ലേ..”
“അതല്ല, ഇതെന്താ ഈ കാസ്സെറ്റ്‌ കറുത്ത നിറം….. ബ്ലൂ ഫിലിം എന്ന് പറയുമ്പോള്‍ കാസ്സെറ്റ്‌ നീല കളര്‍ ആവണ്ടേ.”
“ങേ??”
അണ്ണന്റെ മുഖത്തെ ആ അന്ധാളിപ്പ് !…. പള്ളിയിലെ കൊച്ചുത്രേസ്യ സിസ്റ്റര്‍, വല്യആളാവുമ്പോള്‍ എന്താവാനാ ആഗ്രഹം എന്ന് കഴിഞ്ഞ വര്‍ഷം ചോദിച്ചപ്പോള്‍ , നിത്യ ബ്രഹ്മചര്യം വെടിഞ്ഞു പള്ളിയില്‍ അച്ചനാവാനാണ്  എനിക്ക്  ആഗ്രഹം എന്ന്  ഞാന്‍ അറിയാതെ പറഞ്ഞുപോയപ്പോള്‍ ,
കൊച്ചുത്രേസ്യ സിസ്റ്ററിന്റെ  മുഖത്തെ ആ അന്ധാളിപ്പ്  ഇതുമായി നോക്കുമ്പോള്‍ എത്ര തുലോംതുച്ഛം!! 

വീടിലേക്കുള്ള മടക്കയാത്രയില്‍ എന്റെ മനസ്സ് മുഴുവന്‍ അയലത്തെ വീട്ടിലെ വിലാസിനി ചേച്ചി ആയിരുന്നു….. നീലയില്‍ ചുവപ്പ് ഇടകലര്‍ന്ന ടവല്‍  ഉടുത്ത് കുളകടവില്‍ ഇരിക്കുന്ന വിലാസിനി ചേച്ചി….. വിലാസിനിചേച്ചിയുടെ  മഞ്ഞള്‍ തേച്ച തുവെള്ള കൈകള്‍ വെള്ളത്തില്‍ നിന്ന് പൊങ്ങി വരുമ്പോള്‍ ഇദയം നല്ലെണ്ണയില്‍ പൊരിച്ചെടുത്ത ചൂട് ഏത്തക്ക അപ്പത്തിന്റെ അതെ നിറം…..

*******************

ഞാന്‍ ഫ്രന്റ്‌ ഡോര്‍ ഭദ്രമായി അടച്ചു… ടിവി റൂമിലെ കര്‍ട്ടന്‍ വലിച്ചിട്ടു.. ടിവിയും വിസിയാരും ഓണ്‍ ചെയ്തു…. ജോസ് കൊച്ചാപ്പന്‍ കഴിഞ്ഞ ക്രിസ്മസ്സിനു കുവൈറ്റില്‍ നിന്ന് വന്നപ്പോള്‍ തന്ന പുതുപുത്തന്‍ ഹിറ്റാച്ചിയുടെ വി.സി.ആര്‍, വിത്ത്‌ റിമോട്ട്…
ഓസ്സിനു കിട്ടിയാതാന്നെങ്കിലും വിലപിടിച്ചതും, പിതാശ്രീയുടെ ഒപിനിയനില്‍ പിള്ളേര്‍ തൊട്ടാല്‍ നാശമായിപോകുന്ന ടെക് നോളജിയും ആയതിനാല്‍, പിതാശ്രീക്ക് മാത്രം ക്രയവിക്രയ അവകാശമുള്ള 
വി.സി.ആര്‍…

പിറന്നുവീണ നിമിഷം മുതല്‍ കേട്ടിടുള്ള എല്ലാ പുന്യാളന്മാരെയും, പിന്നെ  ഹിറ്റാച്ചി കമ്പനിയുടെ മുതലാളിയെയും  ഒരു നിമിഷം മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ കാസ്സറ്റ്‌ തള്ളവിരല്‍ കൊണ്ട് മെല്ലെ വിസിയാറിലോട്ടു തള്ളികയറ്റി..   പ്ളേ ബട്ടന്‍ അമര്‍ത്തി..

ഇംഗ്ലീഷില്‍ എന്തോ വാര്‍ണിംഗ് എഴുതി കാണിക്കുന്നു…. ടൈം ഇല്ല… എഴുത്ത്കുത്ത്  ഓടിക്കാനായി ഞാന്‍ ഫാസ്റ്റ് ഫോര്‍വേഡ്  ബട്ടണ്‍ ഞെക്കി

ക്ര്ര്ര്ര്ര്ര്ര്‍ ..ക്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍.

എന്തോ സംഭവിച്ചു.. സ്റ്റോപ്പ്‌ ബട്ടണും ഇജെക്റ്റ് ബട്ടണും,
ഞാന്‍ മാറി മാറി അമര്‍ത്തി.. ഒന്നും സംഭവിക്കുനില്ലല്ലോ…. ചതിച്ചല്ലോ പുന്യാള.!!! .. കാസ്സറ്റ്‌ കുരുങ്ങിയെന്നു തോന്നുന്നു … ഊന്നു കഴിഞ്ഞു ഏത് നിമിഷവും വീട്ടുക്കാര്‍ തിരിച്ചെത്തും…

പ്രായപൂര്‍ത്തി ആര്‍ജ്ജിക്കാനുള്ള ആരംഭശൂരത്വം ചോര്‍ന്നു തുടങ്ങി….കാലിലെ ചെറുവിരല്‍  മുതല്‍ ശിരസ്സ്‌ വരെ ഉരുണ്ടുകയറുന്ന തരിപ്പ്. .രാവിലെ കഴിച്ച പുട്ടും കടലയും വയറ്റില്‍ കിടന്നു ആളി കത്തുന്നത് പോലെ …..കൊച്ചുകുട്ടികളെ പോലെ അമ്മയെ വിളിച്ചു കരഞ്ഞു മുറവിളി കൂടാന്‍ തോന്നുന്നു…..പാടില്ല…..വല്യ കുട്ടി ആയി പോയില്ലേ …പാടില്ല…  മാനരക്ഷാര്‍ധം ഞാന്‍ നിലം തൊടാതെ ജന്ഷനിലെ പലചരക്ക് കടയിലേക്ക് ഓടി..

“വാസ്വേട്ട…. വാസ്വേട്ട..”
“എന്താടാ…എന്ത് പറ്റി..”
“ചതിച്ചു വാസ്വേട്ട.. ചതിച്ചു.. കാസറ്റ്  കുരുങ്ങി പോയി.. എനിക്ക് പുറത്തെടുക്കാന്‍ അറിയില്ല..  വിലപിടിച്ച വി.സി.ആര്‍.ആ.. വീടുകാര് ഇപ്പോള്‍ വരും.. രക്ഷിക്കണം.”..
തിരിച്ചു ഞങ്ങള്‍ ഇരുവരും നിലം തൊടാതെ ഓടി..
.
.
“ഇപ്പോ ശരിയാക്കിതരാമാടാ.. നീ ഒരു ചെറിയ സക്രുഡ്രൈവര്‍ എടുത്തേ.”.. .കൊക്ക് എത്ര കുളം കണ്ടിരിക്കുന്നു എന്ന വാസ്വേട്ടന്റെ മുഖഭാവം  എനിക്ക് ആത്മവിശ്വാസം പകര്‍ന്നു..  കവചകുണ്ഡലങ്ങള്‍ ഓരോന്നായി ഊരിയിളക്കി വാസ്വേട്ടന്‍ വി.സി.യാറിനെ അര്‍ദ്ധനഗ്നയാക്കി.

“ഇതിനക്കത്ത് ഒരു ചെറിയ സ്പ്രിംഗ് ഉണ്ടടാ .. അത് വലിച്ചാല്‍ കാസ്സറ്റ്‌ ഓടോമാടിക് ആയി ഇറങ്ങി വരും”. ചിക്കന്‍ സൂപില്‍ ചിക്കന്‍ മുങ്ങിതപ്പുന്നത് പോലെ, വാസ്വേട്ടന്റെ കൈകള്‍ വി.സി.യാറിന്റെ ഉള്ളില്‍ എന്റെ ആത്മാഭിമാനത്തിന്റെ സ്പ്രിങ്ങിനായി മുങ്ങി തപ്പി..

“കിട്ടിപോയടാ…ഞാന്‍ വലിക്കാന്‍ പോകുവാ..” വിജയശ്രീലാളിതനായി വാസ്വേട്ടന്‍ പ്രഖ്യാപിച്ചു..
ടക്…  ഒന്നും സംഭവിച്ചില്ല..
ടക്. ടക്. ടക്… കാസ്സറ്റ്‌ പോയിട്ട് കാസ്സറ്റിന്റെ പൂട പോലും ഇറങ്ങി വന്നില്ല..

കാര്‍ യഞ്ഞിന്‍ ഔട്ട്‌ കമ്പ്ലീറ്റ്‌ എന്ന മട്ടില്‍ വാസ്വേട്ടന്‍ എന്നെ നോക്കി.
“എന്ത് പറ്റി വാസ്വേട്ട”..
“എന്നോട് ക്ഷമിക്കട..”.. ..ചമ്രംപടിഞ്ഞിരുന്ന വാസ്വേട്ടന്‍ മിന്നലെറ്റെന്നപ്പോലെ ചാടിഎഴുനേറ്റു, എന്തോ നിലത്തെറിഞ്ഞു ഫ്രന്റ്‌ ഡോര്‍ തുറന്നു ഓടി.. ജീവനറ്റ് എന്റെ ആത്മാഭിമാനത്തിന്റെ സ്പ്രിംഗ് നിലത്തുകിടക്കുന്നു!!!!

തീര്‍ന്നു…ഇന്നത്തോടെ തീര്‍ന്നു. … എന്നെപോലെ ഒരുത്തനെ വളര്‍ത്തി വലുതാക്കുന്നത് അണ്ടര്‍വേറില്‍ നീലം മുക്കുന്നതിനു സമമാണെന്ന്  ഇടക്കിടെ വിശേഷിപ്പിക്കുന്ന അപ്പന്റെ മുന്നില്‍ ശേഷിക്കുന്ന മാനം ഇന്നത്തോടെ തീരും…. ഇല്ല…. ചത്താലും,പിടി കൊടുക്കാന്‍ പാടില്ല….

സ്വന്തം കുഴിതോണ്ടിയാലും സാരമില്ല, ഉപയോഗശൂന്യനായ രാഘവനെ രക്ഷിച്ചു  ശ്രിവിദ്യയെ ഇമ്പ്രെസ്സ് ചെയ്യാന്‍ ശ്രമിക്കുന്ന ഹൃദയം ഒരു ക്ഷേത്രം സിനിമയിലെ  മധുവിനെ പോലെ, സ്വന്തം വിസിയാര്‍ പോയാലും സാരമില്ല വല്ലവന്റെയും കാസ്സറ്റ്‌ രക്ഷിക്കാന്‍ വേണ്ടി,  അടുക്കളയില്‍ ഇരുന്ന പപ്പടംകുത്തിയുമായി  ഒരു ലാസ്റ്റ് മേജര്‍ ഓപറേഷന്‍ ഞാന്‍ തുടങ്ങി…

അതിരാവിലെ നഗരസഭയുടെ ടാങ്കര്‍ലോറിയില്‍ നിന്ന് വെള്ളം നിറഞ്ഞു തുളുമ്പുന്ന ബക്കറ്റുമായി നടന്നു പോകുന്ന വിലാസിനിചേച്ചിയെ പോലെ, അഴിഞ്ഞു തുടങ്ങിയ ഉടയാടയുമായി കാസ്സറ്റ്‌ കുണുങ്ങി കുണുങ്ങി ഇറങ്ങി വന്നു തുടങ്ങി.. രക്ഷപെട്ടു.. ഓപറേഷന്‍ സക് സസ് ..

“കതക് തുറന്നു മലര്‍ത്തി ഇട്ടിട്ടു നീ എന്ത് ചെയ്യുവാടാ..”.. ദൈവമേ, അപ്പന്‍ വീട്ടില്‍ എത്തിയോ.. ആത്മാഭിമാന സംരക്ഷണ വെപ്രാളത്തിനിടയില്‍ ഫ്രന്റ്‌ ഡോര്‍ തുറന്നു കിടക്കുന്നതും,  വീടുകാര്‍ വന്നതും ഞാന്‍ അറിഞ്ഞില്ല
“നിന്നോട് ആ വിസിയാറില്‍ തോടല്ലെന്നു ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതല്ലേ..നീ അതില്‍ എന്ത് ചെയുവാടാ”..
“ഞാന്‍ സിനിമ കാണാന്‍ നോക്കുവായിരുന്നു”
“ഏത് സിനിമ??”.
“ലേലം.. സുരേഷ് ഗോപിയുടെ ലേറ്റസ്റ്റ്  പടം…. ക്യാമറ പ്രിന്റ്‌ ആ…. ഒട്ടും കൊള്ളില്ല.. ഞാന്‍ ഇപ്പോള്‍ തന്നെ തിരിച്ചു കൊടുക്കാന്‍ പോകുവാ..”
“അവിടെ നിക്കടാ. കാസ്സറ്റ്‌ കവര്‍ കാണിച്ചേ ..”
“അത്…അത്…”
“ചീ.. കാണിക്കട…”
ഓള്‍ കേരള ഷോപ്പ്  ഓണേര്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ വട്ടപാറ പീതാംഭരനെ കുത്തിനു പിടിച്ചു പൊക്കുന്ന ഭരത്ചന്ദ്രനെ പോലെ അപ്പന്‍ എന്നെ നിക്കറില്‍ പിടിച്ചു പൊക്കി … 
പിടിയുടെ ശക്തിയില്‍, ദര്‍ശന ഭാഗ്യം വിധിചിടില്ലാത്ത കാസ്സറ്റ്‌ , കവര്‍ സഹിതം അറിയാതെ കയ്യില്‍ നിന്ന് താഴെ വീണു..

— നിശബ്ദത. — 

അപ്പന്‍ ഫ്രന്റ്  ഡോര്‍ തുറന്നു വീടിന്റെ പുറത്തേക്കു പോയി…. ഞാന്‍ പ്രായപൂര്‍ത്തി ആയതില്‍ സന്തോഷിച്ചു കുടുംബഭാരം മൊത്തം എന്നെ ഏല്പിച്ചു അപ്പന്‍ കാശിക്കു കടന്നു കളയുവാണോ…… അമ്മ അടുക്കുളയിലേക്കും…  

എന്നും തല്ലാന്‍ എളുപത്തിനു  ഫ്രിഡ്ജിന്റെ  മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ചൂരലുമായി അമ്മ വന്നു. ... മൂന്ന് കൊല്ലം കൊണ്ട് കാലഹരണപെട്ട എന്റെ ബാറ്റാ കോ-വാദിസ് ചപ്പലിന്റെ അവസ്ഥയെകാല്‍ പരിതാപകരമായ ചൂരല്‍വടി.

“കുരുത്തംകെട്ടവനെ. മൊട്ടേന്നു വിരിയുന്നെ മുമ്പേ ഓരോന്ന് കാണിച്ചു തുടങ്ങി അല്ലെ”.. പഥക്. പഥക്. .പഥക്… വലതു കാല്‍ ആണ് ഇന്നത്തെ അമ്മയുടെ ടാര്‍ഗറ്റ്.

കാര്യമായി വേദനിച്ചില്ലെങ്കിലും, അമ്മ ആയാസമെടുത്ത്  തല്ലുന്നതല്ലേ, അമ്മക്ക് ഫീല്‍ ആവണ്ട എന്ന് വിചാരിച്ചു
“അയ്യോ അമ്മെ. വേദനിക്കുന്നു.. ഇനി തല്ലല്ലേ. പ്ലീസ്… ഞാന്‍ ഇന്ന് തൊട്ടു നന്നായികൊള്ളാമെ  …സോറി സോറി ” എന്ന് ഞാന്‍ കള്ളകരച്ചിലുമായി  ആക്ട്‌ ചെയ്തു. അമ്മക്ക് ക്ഷ ബോധിച്ചു..അടിയുടെ ഫ്രിക്വേന്‍സി കുറഞ്ഞു തുടങ്ങി.. 

“നീ എന്തുവാടി കാണിക്കുന്നേ. ഇങ്ങോട്ട് മാറ്…….ഈ ഞാഞ്ഞൂല്‍ ചൂരല്‍ വെച്ച് അടിചാലോന്നും ഇവന്‍ ഈ ജന്മത് നന്നാവില്ല..”  അപ്പന്‍ കാശിക്കു പോയില്ലേ .. .

വിലാസിനി ചേച്ചിയുടെ വീടുമുറ്റത്തെ മാവില്‍ നിന്ന് പിഴുതെടുത്ത, ശരപഞ്ജരത്തിലെ ജയന്റെ വിങ്ങ്സ് പോലെ വിരിഞ്ഞു നിക്കുന്ന ഒരു മാവിന്‍കൊമ്പ് അപ്പന്റെ കയ്യില്‍.

“എന്നെ കൊണ്ട് ഇവനെ നന്നാക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ…ഇവന്‍ ഉണ്ടെങ്കില്‍ ഉണ്ട്, ഇല്ലെങ്കില്‍ ഇല്ല….”

പിന്നെടെല്ലാം അടിയും,പുകയും, നല്ല ഒറിജിനല്‍ കരച്ചിലും നിലവിളിയും മാത്രമായിരുന്നു.. ജയന്റെ വിംഗ്സിനടിയില്‍പെട്ട് എന്റെ  ഇരു കൈകാലുകളിലെ ഓരോരോ രോമവും, രോമാകൂപവും വരെ ചതഞമ്മര്‍ന്നു… 

*******************
ഞാന്‍ കണ്ണാടിയില്‍ നോക്കി…. കൈയും കാലും അങ്ങിങ്ങായി നീര് വെച്ച് നീലിച്ചു തുങ്ങിയെന്നു തോനുന്നു … അടി കൊണ്ട്  ശരീരഭാഗങ്ങള്‍ നീലിക്കുന്നത് കൊണ്ടാണോ ഈ ബ്ലൂ ഫിലിം ബ്ലൂ ഫിലിം എന്ന്  ഇതിനെ പറയുന്നേ?..

“കൊണ്ട് കൊടുത്തിട്ട് വാടാ, അവന്റെ ഒരു സിനിമ കാസ്സറ്റ്‌…. ഇതിവിടെ മേലാല്‍ കണ്ടു പോകല്ല്”.. എന്റെ മുഖത്തോട്ട്  കവരും പുറകെ കാസ്സറ്റും പറന്നു വീണു..
പാതി മാത്രം അഴിഞ്ഞു തുടങ്ങിയുരുന്ന കാസറ്റിന്റെ ഉടയാട, അപ്പന്റെ പിതൃരോഷത്തില്‍പെട്ട് , ഊഴം കാത്തു നിന്ന ഭീമസേനന്റെ കയ്യില്‍ അകപെട്ട ദ്രൗപതിയുടെ കല്യാണസാരിയുടെ അവസ്ഥ പോലെ ആയി…..

ഇത്തവണ വീഡിയോ ഗലക്സിയിലേക്ക് ഞാന്‍ ഓടിയില്ല…മഴ നനഞ്ഞു  കുതിര്‍ന്ന കോഴികുഞ്ഞിനെ പോലെ ഞാന്‍ സ്ലോ മോഷനില്‍ നടന്നു….

“നീ ആള് കൊള്ളാല്ലോ.. ഇത്ര വേഗം കണ്ടു തീര്‍ന്നോ. അടുത്തെ എടുക്കട്ടെ?” സുമെഷണ്ണന്‍ ആദരവോടെ എഴുനേറ്റു നിന്നതാണോ?
–മൗനം–
“എന്താടാ. എന്ത് പറ്റി.. ഇതെന്താ നിന്റെ  കൈ നീലിച്ചു ഇരിക്കുന്നെ.. വല്ലതും കണ്ടു പേടിച്ചോ?..”
–മൗനം–
“കാസ്സറ്റ്‌ എവിടെ”

ഷര്‍ട്ടിന്റെ സഹായത്തില്‍ അടിവയര്‍ ഭാഗത്തോട്  ചേര്‍ത്ത് വെച്ചിരുന്ന ചിന്നഭിന്നമായ ഫിലിംറോള്, എറണാകുളം ശീമാട്ടിയില്‍ അടിപാവടയുടെ മെറ്റീരിയല്‍ എടുത്തു വീശി കാണിക്കുന്ന സേല്‍സ് മാനേ പോലെ ഞാന്‍ എടുത്തു വീശി കാണിച്ചു..

“അലവലാതി. ഇങ്ങനെ ഉണ്ടോ ഒരു ആക്രാന്തം……. നീ ആ കാസ്സറ്റിനെ പോലും വെറുതെ വിടുല്ലേ.. കാസ്സറ്റിന്റെ പൈസ താടാ..”
“അപ്പനോട് ചോദിച്ചാല്‍ മതി. അപ്പനാ കാസ്സറ്റിനോട്  ഈ പരാക്രമം കാണിച്ചത്. …”.. പറഞ്ഞു മുഴുമിപ്പിക്കാതെ ഞാന്‍ ഇറങ്ങി ഓടി..
.

ഹിറ്റാച്ചിയുടെ വി.സി.ആര്‍ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല….വീഡിയോ ഗാലക്സിയുടെ വര്‍ണ്ണശബളമായ ചുവരുകള്‍ പിന്നീടൊരിക്കലും ഞാന്‍ കണ്ടിട്ടില്ല….വിലാസിനി ചേച്ചിയുടെ കുളി സീന്‍ പിന്നീടൊരിക്കലും ഞാന്‍ വിഭാവന ചെയ്തിട്ടില്ല….